|
ആര്‍ക്കാണ് പേടി ?
ഈ ചോദ്യം ഉന്നയിച്ചത് ധനമന്ത്രി ടി.എം.തോമസ് ഐസക്കാണ് . അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ മൂന്നു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തി പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്താല്‍ ഞങ്ങള്‍ പേടിക്കില്ലെന്നാണ് ഡോക്ടര്‍ മന്ത്രിയുടെ വെല്ലുവിളി. കാരണം നേട്ടങ്ങളുടെ ആനപ്പുറത്തുകുടിയാണ് ഇ.ജ.മു മന്ത്രിസഭ മുന്നോട്ടു പോകുന്നതത്രേ ! അദ്ദേഹം സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിയെണ്ണി നിരത്തി.(1) പാവങ്ങളുടെ പെന്‍ഷന്‍, (2) റേഷന്‍, (3) കടാശ്വാസം, (4) പാര്‍പ്പിടം, (5) ആരോഗ്യ ഇന്‍ഷ്വറന്‍സ്, (6) വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍, (7) പട്ടിക ജാതി/വര്‍ഗ്ഗ ക്ഷേമം,(8) മത്സ്യത്തൊഴിലാളികള്‍, (9) കാര്‍ഷികം തുടങ്ങിയ മേഖലകളില്‍ ക്ഷേമ കാര്യങ്ങള്‍ നടത്തിയെന്നാണ് അവകാശവാദം. സര്‍ക്കാരിന്റെ നേട്ടം പറയുമ്പോള്‍ ഏറ്റവും പ്രധാനപ്പെട്ടവയാണ് ഒരു മന്ത്രി എണ്ണിയെണ്ണിപ്പറയുക. അങ്ങനെ നോക്കുമ്പോള്‍ അച്യുതാനന്ദന്‍ മന്ത്രി സഭ പലിശക്ക് പണമെടുത്തു പാവങ്ങളെ സഹായിക്കുന്ന ഒരു മന്ത്രി സഭയാണെന്ന് പറയാം. യൂ ഡി എഫിനെക്കാള്‍ മെച്ചപ്പെട്ട ഭരണമെന്നു വേണമെങ്കില്‍ പറയാം. പക്ഷേ കേരളമെന്നത് കര്‍ഷകത്തൊഴിലാളിയും മത്സ്യത്തൊഴിലാളിയും പരമ്പരാഗത വ്യവസായവും മാത്രമടങ്ങുന്നതല്ല. വിദ്യാഭ്യാസപരമായും,സാങ്കേതികമായും ലോക നിലവാരത്തിലേക്ക് കുതിക്കാന്‍ ശ്രമിക്കുന്ന ഒരു ജനവിഭാഗമാണ് മലയാളികള്‍. ലോക ഗവേഷണങ്ങള്‍ വായിച്ചറിയുന്നവരാണവര്‍. ലോകത്തിന്റെ കുതിപ്പുകള്‍ മനസ്സില്‍ താലോലിക്കുന്നവരാണവര്‍. അവരുടെ സ്വപ്നങ്ങളെ ഉലയൂതി വളര്‍ത്താന്‍ പര്യാപ്തമായ എന്തെങ്കിലും പദ്ധതികള്‍ ഈ മന്ത്രി സഭയ്ക്കു ചെയ്യാന്‍ കഴിഞ്ഞോ ? ലോക നിലവാരത്തിലുള്ള ഏതെങ്കിലും ഭൌതിക സാഹചര്യങ്ങള്‍ ഒരുക്കാന്‍ ഈ സര്‍ക്കാരിനു കഴിഞ്ഞോ?
ഒരു രാജ്യത്തിന്റെ വളര്‍ച്ച പ്രാഥമിക,സെക്കണ്ടറി മേഖലയുടെ മുന്നേറ്റത്തിലാണ് കുടി കൊള്ളുന്നത്. ക്യഷിയിലും വ്യവസായത്തിലും ഈ സര്‍ക്കാരിന്റെ നേട്ടമെന്താണ്? സംസ്ഥാന പൊതുമേഖല കേന്ദ്ര പൊതു മേഖലയ്ക്കു കൈമാറിയത് ഇടതു കയ്യിലിരുന്നത് വലതു കയ്യിലെത്തിയതു പോലെയാണ്. ചുരിക്കിപ്പറഞ്ഞാല്‍ അച്യുതാനന്ദന് അഭിമാനിക്കാം, ആന്റണി-ഉമ്മന്‍ ചാണ്ടി കൂട്ടുകെട്ടിനെക്കാള്‍ മെച്ചമാണ് കഴിഞ്ഞ മൂന്നു വര്‍ഷം! പക്ഷേ മലയാളിയുടെ ബെഞ്ച് മാര്‍ക്ക് - ആന്റണിയും ഉമ്മന്‍ ചാണ്ടിയുമല്ല.


ചൈനയിലെ ഹുജന്റൊവോ,ജര്‍മ്മിനിയുടെ ഏഞ്ചല മെര്‍ക്കല്‍, ബ്രസ്സീലിലെ ലുലാ, ദുബായിലെ ഷേക്ക് മുഹമ്മദ് എന്നിവരൊക്കെയാണ്. ഇതൊക്കെയറിയാവുന്ന സാമ്പത്തിക ഭിഷഗ്വരന്‍ മലയാളികളെ മഠയരാക്കരുത്. |